അബുദാബി:യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വീഴ്ച്ചയും ശക്തമായ മഴയും റിപ്പോർട്ട് ചെയ്‌തു. വടക്കൻ എമിറേറ്റുകളായ ഷാർജ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലും അൽഐനിലും കനത്ത മഴ പെയ്‌തു.
റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലെ വാദികൾ നിറഞ്ഞൊഴുകി. മലവെള്ളപ്പാച്ചലിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഒട്ടേറെ വാഹനങ്ങൾ ഒലിച്ചുപോയതടക്കം ഈ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി.
വിവിധ എമിറേറ്റ് റോഡുകളിലെ വെള്ളക്കെട്ട് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്താണ് നീക്കിയത്. മഴ പെയ്‌തതോടെ ഈ പ്രദേശങ്ങളിലെ താപനിലയും കുറഞ്ഞു. വാരാന്ത്യത്തിൽ ഇവിടെ താപനില 29 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്നാണ് റിപ്പോർട്ട്.
നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതോടൊപ്പം 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ മൂടൽമഞ്ഞിന് സാധ്യതയുണ്ട്.