Join Our Sports WhatsApp Group Click Here

യുപിഐ ആപ് ഉപയോഗിച്ച്‌ എടിഎമില്‍ നിന്ന് എങ്ങനെ പണം പിന്‍വലിക്കാം?

കാര്‍ഡ് വേണ്ട; യുപിഐ കോഡ് സ്കാന്‍ ചെയ്ത് എടിഎമില്‍ നിന്ന് പണം പിന്‍വലിക്കാം; ചെയ്യേണ്ടതിങ്ങനെ

എടിഎമില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള പ്രാഥമിക മാര്‍ഗം ഡെബിറ്റ് കാര്‍ഡാണ്. എന്നാല്‍ അടുത്തിടെ ലോകത്തിലെ ഏറ്റവും വലിയ എടിഎം വിതരണക്കാരായ എന്‍സിആര്‍ കോര്‍പറേഷന്‍, യുപിഐ പ്ലാറ്റ് ഫോം അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഇന്റര്‍ഓപറബിള്‍ കാര്‍ഡ്ലെസ് ക്യാഷ് വിഡ്രോവല്‍ (Interoperable Cardless Cash Withdrawal - ICCW) സൊല്യൂഷന്‍ ഉപയോഗിച്ച്‌ രാജ്യത്തുടനീളമുള്ള എടിഎം മെഷീനുകള്‍ അപ്ഗ്രേഡ് ചെയ്യുകയാണെന്ന് പ്രഖ്യാപിച്ചു.ഇതോടെ മൊബൈല്‍ ഫോണുകളിലെ യുപിഐ ആപ് ഉപയോഗിച്ച്‌ എടിഎമില്‍ നിന്ന് പണം പിന്‍വലിക്കാനാവും.



ഉപയോക്താക്കള്‍ക്ക് അവരുടെ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാതെ തന്നെ എടിഎം മെഷീനുകളില്‍ നിന്ന് പണം പിന്‍വലിക്കാനാവും. നിങ്ങളുടെ കാര്‍ഡ് മറക്കുകയോ നഷ്ടപ്പെടുകയോ കേടുവരുകയോ ചെയ്താല്‍ പോലും പണം പിന്‍വലിക്കാന്‍ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ നേട്ടം. ഇതിനായി അകൗണ്ടുമായി ബന്ധിപ്പിച്ച ഗൂഗ്ള്‍ പേ, ഫോണ്‍ പേ, പേടിഎം പോലുള്ള യുപിഐ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലുമൊരു പേയ്‌മെന്റ് ആപ് ഇന്റര്‍നെറ്റ് കണക്ഷനുള്ള നിങ്ങളുടെ സ്മാര്‍ട്ഫോണില്‍ ഉണ്ടായിരിക്കണം.

യുപിഐ ആപ് ഉപയോഗിച്ച്‌ എടിഎമില്‍ നിന്ന് എങ്ങനെ പണം പിന്‍വലിക്കാം?

1. എടിഎമില്‍ പണം പിന്‍വലിക്കാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക.



2. ഇതിനുശേഷം, എടിഎമിന്റെ സ്ക്രീനില്‍ UPI എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.

3. ഇപ്പോള്‍ എടിഎമിന്റെ സ്ക്രീനില്‍ ഒരു ക്യുആര്‍ കോഡ് പ്രത്യക്ഷപ്പെടും.

4. മൊബൈല്‍ ഫോണില്‍ യുപിഐ ആപ് തുറന്ന് ക്യുആര്‍ കോഡ് സ്കാന്‍ ചെയ്യുക.

5. കോഡ് സ്കാന്‍ ചെയ്ത ശേഷം, നിങ്ങള്‍ക്ക് പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക ആപില്‍ രേഖപ്പെടുത്തുക. നിലവില്‍ 5000 രൂപ മാത്രമാണ് പരമാവധി പിന്‍വലിക്കാന്‍ സാധിക്കുക.

6. ശേഷം യുപിഐ പിന്‍ നല്‍കി പണം പിന്‍വലിക്കാം.

Post a Comment