പൊതുമരാമത്ത് വകുപ്പ് റോഡുകളെ കുറിച്ചുള്ള പരാതികൾ ഓൺലൈനായി അറിയിക്കാൻ കഴിയുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി. പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ആപ്പ് പുറത്തിറക്കിയത്. ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാനാകും. ഐ ഒ എസ് വേർഷൻ പിന്നീട് ലഭ്യമാകും.
ആദ്യ മൂന്ന് മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പ് പ്രവർത്തിക്കുക. ഈ പ്രവർത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. അതിനുശേഷം ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞ് ആവശ്യമായ മാറ്റങ്ങൾ കൂടി വരുത്തും.
സംസ്ഥാനത്തെ റോഡുകളെ കുറിച്ച് ജനങ്ങൾക്കുള്ള പരാതികൾ പൊതുമരാമത്ത് വകുപ്പിനെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന ആപ്ലിക്കേഷനാണിത്. ആപ്പ് വഴി ലഭിക്കുന്ന പരാതികൾ എസ്.എം.എസ്. വഴിയും ഇമെയിൽ വഴിയും ബന്ധപ്പെട്ട റോഡ്സ് വിഭാഗം എഞ്ചിനീയർമാരെ അറിയിക്കാം. പരാതി പരിഹരിച്ചതിന് ശേഷം വിവരം ആപ്പിൽ അപ്ഡേറ്റ് ചെയ്യും. പരാതി നൽകിയവർക്ക് ആപ്പിലൂടെ തന്നെ തുടർവിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.
ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ വിവരങ്ങൾ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും. ബാക്കി റോഡുകളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇതു ആറുമാസത്തിനകം പൂർത്തിയാക്കും.